Friday, May 21, 2010

എന്റെ മകൻ



‘ഉ’ ഫോർ ഉറിയെന്നു മകൻ
“ ഉറിയെന്നു വെച്ചാൽ”
ഈ ഉറിയെങ്ങനെ നിർവ്വചിക്കും
ചിന്തകളെന്നെ കൊരുത്തിട്ടു
“ടീച്ചറു പറഞ്ഞു എ ഹാങിംഗ് പോട്ട് ന്ന്”
ദൈവമേ ഹാങിംഗ് പോട്ട്
ഒരു ഉറിയെന്റെ ബാല്യത്തെ ഊഞ്ഞാലാട്ടി

എന്നിലെ ശാസ്ത്രാധ്യാപികയുണർന്നു
നൈലോൺ കയറുമായി നേരെ അടുക്കളയിലേക്ക്
മച്ചിലൊരു ‘റെഡി റ്റു സ്റ്റിക്’ കൊളുത്തിട്ടു
“എന്താ തൂങ്ങിച്ചാവാൻ പോവാ?” ന്ന് മൈക്രൊവേവ് അവൻ
“ഉറി കെട്ട്വേ?” കുക്കിംഗ് റേഞ്ച് ചിറി കോട്ടി
“വേണ്ടമ്മേ നെറ്റിൽ ചിത്രം കാണിച്ചാ മതി” യെന്നു മകൻ

എന്റെ മകനേ, ഉറിയിൽ വെച്ച പായസം
അമ്മ കാണാതെ കഴിക്കുന്നതിന്റെ മധുരമറിയാമോ നിനക്ക്?
മീനച്ചൂടിൽ നാട്ടുമാവിൻ ചോട്ടിൽ മത്സരിച്ചോടി
മാങ്ങ പെറുക്കാനറിയാമോ?
കൊത്തങ്കല്ലും കബഡിയും കളിക്കാനറിയാമോ?
ചെത്തിയും പിച്ചിയും തുളസിയും വേർതിരിച്ചറിയാമോ?
എ.സി യിൽ തണുക്കുന്ന ബാല്യത്തിനപ്പുറം
ഉരുകുന്ന ജീവിതമുണ്ടെന്നറിയാമോ നിനക്ക്?

സ്കൂളിലേക്ക് പൊട്ടിയ സ്ലേറ്റുമായി പോയപ്പൊഴൊക്കെ
എന്റെ സങ്കടം മാറ്റാൻ വഴി നീളെ കാവിന്റെ തണുപ്പും,
തൊട്ടാവാടിയും കൈ തോടും കൂടെയുണ്ടായിരുന്നു എന്നും
നിനക്കു നഷ്ടപ്പെടുന്നതോർത്ത് ഉരുകുന്ന ഉള്ളം തണുപ്പിക്കാൻ
അമ്മക്കീ മരുഭൂവിൽ എന്താണു മകനെ സ്വന്തമായുള്ളത് !!

Saturday, March 20, 2010

കോളാമ്പി പൂക്കൾ


മഞ്ഞ നിറത്തിൽ വിടർന്നുലഞ്ഞ്
എന്നിലെ ബാല്യത്തെയുണർത്തും
നുരഞ്ഞു പൊന്തുന്ന ഓർമ്മകളീലാദ്യത്തേത്
എന്റെ വല്യുമ്മയാണ്
ചാരുപടിയിൽ പതിഞ്ഞിരുന്ന്
ഓട്ടു കോളാമ്പിയിൽ ചുവക്കെ തുപ്പി
കഥയുടെ കെട്ടഴിക്കും
അലാവുദ്ദീനും നബിമാരും ചാത്തനും മറുതയും
ഭാവനയുടെ കെട്ടുപൊട്ടിച്ചോടിപ്പോയി

കോളാമ്പി പൂക്കളുടെ ചാരുത
എന്റെ കൌമാരം പോലെ
ഗന്ധം പോലും തന്നിൽത്തന്നെ ഉപേക്ഷിച്ച്
കാറ്റു വരുമ്പോൾ അടക്കത്തോടെ ചാഞ്ചാടും
“അധികം തുള്ളണ്ട, നീ പെണ്ണാണെ” ന്ന്
ആരോ ശാസിച്ച പോലെ

ഒടുക്കം ഒരു കുസൃതിക്കുട്ടി പറിച്ച്
വലിയ ദലങ്ങൾ ദൂരെയെറിഞ്ഞപ്പൊ
ഒരു സങ്കടപ്പാത്രം പോലെ ഉടൽ
ജീവിതം സന്തോഷം ഉള്ളിലടച്ച ഒരു ഭൂതക്കുപ്പിയാണെന്ന്
വീണ്ടും ആരോ എന്നെ ഓർമ്മപ്പെടുത്തുന്ന പോലെ