Wednesday, March 25, 2009

തീവ്രവാദി


അവൻ എന്റെ മകൻ
എന്റെ നിഴലിലൊളിച്ച കുരുന്ന്
കുഞ്ഞുന്നാളിൽ മിഠായിക്ക്
ശാ‍ഠ്യം പിടിച്ചവൻ
പിന്നെ ബലൂണിന്, കളിപ്പാട്ടങ്ങൾക്ക്
അങ്ങനെ നീണ്ടു നിര
വാശിയേറുമ്പോൾ
കവിളിൽ ഞാൻ കൊടുത്തു
കണ്ണീരെൻ ചുണ്ടു കൊണ്ടൊപ്പി
ഒരുമ്മ

വളർന്നപ്പോൾ അമ്മയെന്ന
രണ്ടക്ഷരത്തിൽ ഒതുങ്ങാത്ത
മൂന്നക്ഷരമായി മകൻ
മുറിയടച്ചിരുന്നും ഇടക്ക്
ദൂരയാത്ര പോയും
അവൻ വളർന്നു - ഞാനറിയാതെ
ഒടുവിൽ ചാനലുകളിൽ
മകൻ നിറഞ്ഞു
പുതിയ പേരിൽ - ജഢമായി
നെഞ്ചു തകർന്ന് ഹ്രദയം മുറിഞ്ഞ
വേദനയോടെ ഞാൻ പറഞ്ഞു
“ഇനിയെനിക്കവനെ കാണേണ്ട“
പത്രക്കാരെന്നെ വാനോളം പുകഴ്ത്തി
ഞാ‍ൻ നിശബ്ദമായി നിലവിളിച്ചു
‘വലതു കൈ കൊണ്ടെന്റെ ഹ്രദയം
പറിച്ചു തരാം
ഇടതു കൈയിലെന്റെ ഉണ്ണിയെ തരൂ”

അസ്ഥികളിൽ മുനിഞ്ഞുകത്തി പടരുന്ന
വേദന ; ഇഞ്ചക്ഷനുകളുടെ സുഖമുള്ള മയക്കം
വിഭ്രാന്തികളുടെ പെരുമഴപ്പാച്ചിലിൽ
ശാന്തിക്കും അശാന്തിക്കുമിടക്ക്
ഒരു കൈപ്പാടകലെ എന്റെ മകൻ
കൈ നീട്ടി അവന്റെ കയ്യിൽ
ഞാനിറുക്കെ പിടിച്ചു
പതിഞ്ഞ താരാട്ടിന്റെ താളത്തിൽ
അവനെന്നോടു ചോദിച്ചു
“ഗർഭം ധരിക്കാമോ അമ്മക്കിനിയൊരിക്കൽ കൂടി
എന്നെ , കണ്ണു തുറന്നു പിടിച്ച് വളർത്താമോ“

Friday, March 20, 2009

സ്നേഹം


ചിലപ്പോളതൊരു ചരിഞ്ഞ പ്രതലം പോലെയാണ്
എപ്പോഴും ഒരിടത്തേക്കു മാത്രം ഒഴുക്ക്
രണ്ടറ്ററ്ത്തുള്ളവരും അതറിയുന്നേയില്ല

ചിലപ്പോൾ കുത്തനെ
ഒഴുകാനുള്ളതൊക്കെ പെട്ടെന്നൊഴുകി
വരണ്ടു പോവുന്നവ
ഒഴുകിയെത്തിയിടത്ത് ചിലപ്പൊ
കെട്ടിനിന്നേക്കാം, അല്ലെങ്കിൽ ബാഷ്പമായേക്കാം

അപൂർവ്വമായി നിരന്ന പ്രതലം പോലെ
പരസ്പരമൊഴുക്ക് തുല്യം
ദ്രുതമല്ലാത്ത, നിലക്കാത്തവ

ചികഞ്ഞു നോക്കുമ്പോൽ
ഊർജ്ജ സംരക്ഷണ നിയമം പോലെ
‘നിർമ്മിക്കാനോ നശിപ്പിക്കാനോ കഴിയാത്ത
ഒരു രൂപത്തിൽ നിന്നു മറ്റൊന്നിലേക്ക് മാറ്റാൻ കഴിയുന്നവ’
അത്ര മാത്രം

Thursday, March 19, 2009

പൂമ്പാറ്റ


എന്റെ മകൻ അപ്പുവിന്റെ കൂട്ടുകാരി അമ്മു
അവൾക്കേറ്റം ഇഷ്ടം പൂ‍മ്പാറ്റകളെ
ഏഴാം പീറന്നാളിന് കൊടുത്തു
ഒരു പൂമ്പാറ്റപ്പട്ടം
നീലയിൽ കുത്തുള്ള
ഉടുപ്പിട്ടപ്പോൾ
പൂമ്പാറ്റയേക്കാൾ നിർമ്മലം
വിടർന്ന കണ്ണ്
കുറുമ്പുനോട്ടം
റോസാപ്പൂ മുഖം
എന്റെ മകളായില്ലല്ലോന്ന്
മനസ്സു നൊന്തു

അന്നൊരു നശിച്ച തിങ്കളാ‌ഴ്‌ച
ഏതോ ഒരു പേരയ്ക്കാ മാമൻ
ക്ഷണിച്ചത് സ്കൂൾ മുറ്റത്തു നിന്ന്
തിരച്ചിലിനൊടുക്കം കണ്ടത്തി
കുഞ്ഞിച്ചിറകു കീറി
കുഞ്ഞു മുഖം പോറി
പൂമ്പാ‍റ്റക്കുട്ടിയെ

ഇനിയെങ്കിലും പഠിപ്പിക്കണമവളെ
ഏതു ചാട്ടവാറുപയോഗിച്ചാണങ്കിലും
വഴിയിൽ
മുൾച്ചടി തട്ടാതെ
ചിറകു കീറാതെ
ലക്ഷ്യത്തിലെത്താൻ