Saturday, March 20, 2010

കോളാമ്പി പൂക്കൾ


മഞ്ഞ നിറത്തിൽ വിടർന്നുലഞ്ഞ്
എന്നിലെ ബാല്യത്തെയുണർത്തും
നുരഞ്ഞു പൊന്തുന്ന ഓർമ്മകളീലാദ്യത്തേത്
എന്റെ വല്യുമ്മയാണ്
ചാരുപടിയിൽ പതിഞ്ഞിരുന്ന്
ഓട്ടു കോളാമ്പിയിൽ ചുവക്കെ തുപ്പി
കഥയുടെ കെട്ടഴിക്കും
അലാവുദ്ദീനും നബിമാരും ചാത്തനും മറുതയും
ഭാവനയുടെ കെട്ടുപൊട്ടിച്ചോടിപ്പോയി

കോളാമ്പി പൂക്കളുടെ ചാരുത
എന്റെ കൌമാരം പോലെ
ഗന്ധം പോലും തന്നിൽത്തന്നെ ഉപേക്ഷിച്ച്
കാറ്റു വരുമ്പോൾ അടക്കത്തോടെ ചാഞ്ചാടും
“അധികം തുള്ളണ്ട, നീ പെണ്ണാണെ” ന്ന്
ആരോ ശാസിച്ച പോലെ

ഒടുക്കം ഒരു കുസൃതിക്കുട്ടി പറിച്ച്
വലിയ ദലങ്ങൾ ദൂരെയെറിഞ്ഞപ്പൊ
ഒരു സങ്കടപ്പാത്രം പോലെ ഉടൽ
ജീവിതം സന്തോഷം ഉള്ളിലടച്ച ഒരു ഭൂതക്കുപ്പിയാണെന്ന്
വീണ്ടും ആരോ എന്നെ ഓർമ്മപ്പെടുത്തുന്ന പോലെ