
'മത്തി കാദർക്ക' വീട്ടിൽ വന്നാൽ
അമ്മ പറയും "ഉളുമ്പു നാറ്റം"
അച്ഛൻ ചോദിക്കും
"ഒന്നു കുളിച്ചൂടെ കാദറെ"
"ദന്നെ ചോദിക്കും ന്റോളും"
ന്ന് കാദർക്ക
ചോറിലേക്ക്
ഒരു പിഞ്ഞാണം കറിയൊഴിച്ച്
"ഇച്ചിരൂടി" എന്നു ചോദിക്കുന്ന
കണക്കു പറയാതെ മീൻ വിറ്റ്
കണക്കു നോക്കാതെ പണം അരപ്പട്ടയിൽ തിരുകി
കൈ വീശി നടന്നകന്നു പോകുന്ന
പെരുന്നാളിനും നോമ്പിനും
നൂട്രീൻ മുട്ടായിയും കടലപ്പൊതിയും
"ദ് ന്റെ മോക്കാ"ന്ന് പറഞ്ഞ്
എനിക്കു നേരെ നീട്ടുന്നകാദർക്ക
ഒടുവിൽ ചുമ വന്നു ക്ഷയിച്ച്
ഈർക്കിലി പോലെ
"ആയിരം സൂക്കേടിനും ഓൻ തരും
ഒരു മീങ്കണ്ണെ" ന്ന്
ഹോമിയൊ ഡോക്ടറെ പഴി പറഞ്ഞ്
ഒടുക്കം ചുമച്ച് ചുമച്ച്
ചോര ഛർദ്ദിച്ച്......
കാലം പോയപ്പോൾ
കാദർക്കയെക്കടന്ന്
എന്റെ ഗ്രാമവും ഞാനും വളർന്നു
ഞാനിവിടെ കടലിനക്കരെ
ഭാര്യയായി, അമ്മയായി
ഇവിടുത്തെ സൂപ്പർമാർക്കറ്റുകളിൽ
മത്തിയും അയലയും ഹമൂറും മാന്തയും
പിന്നെ പേരറിയാത്ത ഒരുപാടു മീനുകളും
മോർച്ചറി പോലെ ശീതീകരിച്ച തട്ടത്തിൽ
കൂട്ടിയിട്ടിരിക്കുന്ന
ഹൈ - ടെക് മത്തികൾക്ക്
ഒന്നിനും ഉളുമ്പു നാറ്റമില്ല
കറി വെച്ചപ്പൊ
"പണ്ടത്തെ മത്തിയുടെ രുചിയൊന്നും
ഇപ്പൊഴില്ലെ"ന്ന് ഭർത്താവ്
മുറിച്ചു കിട്ടിയ മത്തി
പല പാക്കറ്റുകളാക്കി ഫ്രീസറിൽ വെക്കുമ്പൊൾ
ഞാനോർത്തു
പണ്ട് അമ്മ മുറ്റത്തെ കിണറ്റുകരയിൽ
മുറിക്കാൻ കൂട്ടിവെച്ച
ചുവന്ന മൺചട്ടിയിലെ തിളങ്ങുന്ന മത്തികളെ
"ദ് പെടക്ക്ണ മത്തിയാണെ"ന്ന് ഗ്യാരന്റി നൽകി
നിഷ്കളങ്കമായി ചിരിച്ച്
ഉളുമ്പു നാറ്റത്തോടെ കൈ വീശി നടന്നകന്ന
എത്ര കഴുകിയിട്ടും
രുചികളില്നിന്ന് വിട്ടുപോകാതെ
ഓർമ്മകളോട് എന്നെ ചേർത്തു നിർത്തുന്ന
ചില ഗന്ധങ്ങളെ
